നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തീയതി ഇന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ചൊവ്വാഴ്ച വിവിധ മണ്ഡലങ്ങളിലായി 29 പേര്‍ പത്രിക പിന്‍ വലിച്ചിരുന്നു. പിന്മാറിയവരില്‍ ഭൂരിഭാഗവും ഡമ്മികളും സ്വതന്ത്രരും അപരന്മാരുമായിരുന്നു.

ചവറയില്‍ എന്‍ കെ പ്രേമചന്ദ്രന്റെ അപരന്‍ പ്രേമചന്ദ്രന്‍ പിള്ളയുടെയും കുണ്ടറ മണ്ഡലത്തില്‍ പി ജെര്‍മിയാസിന്റെ അപരന്‍ എ പി ജെര്‍മിയാസിന്റെയും പത്രിക തള്ളിയവയില്‍പ്പെടും. ഷൊര്‍ണൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി ആയ എം ആര്‍ മുരളി ഇന്ന് പത്രിക പിന്‍വലിക്കും എന്നാണ് സൂചന.

കൊല്ലം ജില്ലയില്‍ രണ്ടുപേരും മലപ്പുറത്ത് പതിനൊന്ന് പേരും കോഴിക്കോട് എട്ടുപേരും പത്രിക പിന്‍വലിച്ചിട്ടുണ്ട്. എലത്തൂര്‍, വടകര എന്നിവിടങ്ങളില്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്ന മൂന്നുപേര്‍ വീതവും കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളിലെ ഓരോരുത്തരുമാണ് പത്രിക പിന്‍വലിച്ചിരിക്കുന്നത്.

എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തില്‍ സ്വതന്ത്രന്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മൂന്നുപേരും പത്തനംതിട്ട ജില്ലയില്‍ തിരുവല്ല മണ്ഡലത്തിലെ ഒരു സ്വതന്ത്രനും പിന്മാറിയവരില്‍പ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :