തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 31 ഒക്ടോബര്‍ 2017 (08:20 IST)
സിപിഎമ്മിന്റെ നിയന്ത്രണത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നു. നഴ്സുമാരുടെ സമരം ശക്തമായതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ പ്രവർത്തിക്കുന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷന് പുറമെയാണ് ഈപുതിയ സംഘടന രൂപീകരിക്കുന്നത്.
ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള ആലോചന യോഗം നവംബർ ഏഴിന് തൃശൂരിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ജീവനക്കാരുടെ സംഘടന നേതാക്കൾക്ക് വാട്ട്സാപ്പ് വഴിയാണ് ഈ യോഗത്തെക്കുറിച്ച് സി.ഐ.ടി.യു നിർദേശം നൽകിയിരിക്കുന്നത്. നിലവില്‍ നഴ്സുമാർക്കിടയിലെ ശക്തമായ സാന്നിധ്യമാണ് യു.എൻ.എ എന്നതും ഇത്തരമൊരു നീക്കത്തിന്റെ പിന്നിലുണ്ട്.
തികച്ചും അരാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യു.എൻ.എ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്വകാര്യ മേഖലയിൽ ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ സംഘടന വേണമെന്നുമാണ് യോഗം സംബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ പുതിയ സംഘടനക്ക് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും സൂചനയുണ്ട്.