പാതിരപ്പള്ളി സ്വദേശിനിയായ സിനിമാ - സീരിയല്‍ നടി ഓമനക്കുഞ്ഞമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ വിദേശമലയാളി വ്യവസായിയും പ്രമുഖ വാച്ച് കമ്പനിയായ ചാന്‍സിലറിന്റെ ഉടമയുമായ കോട്ടയം കടുത്തുരുത്തി പാലയ്ക്കത്തടത്തില്‍ അലക്സാണ്ടര്‍ക്ക് (51) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചേര്‍ത്തല ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രറ്റ് സുധാകാന്ത് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണോദ്യോഗസ്‌ഥനു മുമ്പില്‍ ഹാജരാകണമെന്നും സംസ്‌ഥാനം വിട്ടുപോകരുതെന്നും ജാമ്യ ഉപാധിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
അറസ്റ്റ് ചെയ്തയുടന്‍ അലക്സാണ്ടര്‍ തനിക്ക് നെഞ്ചുവേദനയുണ്ടെന്നും ആശുപത്രിയിലാക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും തടിച്ചുകൂടിയ ജനങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടിവന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്കുശേഷം രണ്ടോടെയാണ് ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങിനെ -
“ഓമനക്കുഞ്ഞമ്മയുടെ അറിവോടെ തന്നെയാണ് അലക്സാണ്ടര്‍ ഇവരെ പല റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. അലക്സാണ്ടറുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്ലാറ്റിലാണ് യുവതി താമസിക്കുന്നത് തന്നെ. കഴിഞ്ഞദിവസം യുവതിക്ക് ഇയാള്‍ പുതിയ കാര്‍ വാങ്ങിക്കൊടുത്തതായി അറിവായിട്ടുണ്ട്. ഭര്‍ത്താവ് വഴിയാണ് ഓമനക്കുഞ്ഞമ്മ അലക്സാണ്ടറുമായി പരിചയത്തിലാവുന്നത്.”
“കൊച്ചിയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്ന തന്നെ കഴിഞ്ഞ ആറുവര്‍ഷമായി മുഹമ്മ, തണ്ണീര്‍മുക്കം, പനങ്ങാട് തുടങ്ങിയിടങ്ങളില്‍ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സത്യത്തില്‍ ഓമനക്കുഞ്ഞമ്മ അലക്സാണ്ടറില്‍ നിന്ന് രണ്ടുകോടി രൂപ ആവശ്യപ്പെട്ടിരുന്നു. അലക്സാണ്ടര്‍ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഓമനക്കുഞ്ഞമ്മ പൊലീസിനെ സമീപിച്ചത്.”