aparna|
Last Updated:
തിങ്കള്‍, 3 ജൂലൈ 2017 (10:55 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനിൽകുമാർ, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺനമ്പറുകള്‍ പൊലീസ് കണ്ടെത്തി.
പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പുണ്ണിയുടെ നമ്പറിലേക്ക് വന്ന നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും വ്യക്തമായിട്ടുണ്ട്.
അതേസമയം, തിരിച്ചു വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നതും കേസില്‍ കൂടുതല്‍ ബലപ്പെട്ട തെളിവാണ്.
അതേസമയം, ഈ നാലു നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.