ദേശീയഗെയിംസിന് ഇന്ന് സമാപനം

തിരുവനന്തപുരം| Joys Joy| Last Modified ശനി, 14 ഫെബ്രുവരി 2015 (08:56 IST)
മുപ്പത്തിയഞ്ചാമത് ദേശീയഗെയിംസിന് ഇന്ന് സമാപനം. വൈകുന്നേരം ആറുമണിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സമാപന പരിപാടികള്‍ ആരംഭിക്കും. ഗവര്‍ണര്‍ പി സദാശിവം ആയിരിക്കും മുഖ്യാതിഥി. നടി ശോഭനയുടെ 'റിവേഴ്‌സ് ഓഫ് ഇന്ത്യ' എന്ന നൃത്തശില്പത്തോടെയാണ് സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക.

151 പേര്‍ അണിനിരക്കുന്ന വാദ്യമേളവും കരിമരുന്നുപ്രയോഗവും ലൈറ്റ് ഷോയും ചടങ്ങിന് മാറ്റുകൂട്ടും. മാര്‍ച്ച് പാസ്റ്റും മെഡല്‍വിതരണവും കഴിഞ്ഞ് അവസാന ഇനമായി ഗോവയില്‍ നിന്നുള്ള കലാകാരന്മാരുടെ പരിപാടികള്‍ അരങ്ങേറും. ഗോവയിലാണ് അടുത്ത ദേശീയ ഗെയിംസ് നടക്കുന്നത്.

വൈകുന്നേരം നാലുമണി മുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് സൌജന്യപ്രവേശനമാണ്. സ്റ്റേഡിയം നിറയുന്ന മുറയ്ക്ക് പ്രവേശനം നിര്‍ത്തും. മുകളിലത്തെ ഗാലറിയിലേക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

നിര്‍ദ്ദേശിച്ചിരിക്കുന്ന സെക്ടറുകളിലേക്കുള്ള പ്രവേശനത്തിനായി എത്തുന്നവര്‍ പ്രവേശനം ലഭിക്കാന്‍ അതത് പ്രവേശന ഗേറ്റുകളില്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കേണ്ടതാണ്. സ്റ്റേഡിയത്തില്‍ നിന്നുതന്നെ ഭക്ഷണസാധനങ്ങളും കുടിവെള്ളവും വില നല്‍കി വാങ്ങാനുള്ള സംവിധാനമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :