തൃശൂര്‍|
M. RAJU|
Last Modified വ്യാഴം, 22 മെയ് 2008 (11:50 IST)
കൊച്ചിയില്‍ അറസ്റ്റിലായ സന്തോഷ് മാധവനെ പോലെ ജ്യോതിഷത്തിലും പ്രവചനത്തിലുമായിരുന്നു തൃശൂര്‍ പറപ്പൂക്കരയിലെ ദിവ്യ ജോഷി എന്ന സന്യാസിനിയുടെയും തുടക്കം.
വളരെ പെട്ടെന്നായിരുന്നു ഇവരുടെയും വളര്‍ച്ച. പറപ്പൂക്കരയിലെ ശ്രീധരന്‍റെ മകള്‍ ദിവ്യ മൂന്ന് വര്‍ഷത്തിന് മുമ്പാണ് തന്നില്‍ വിഷ്ണുമായ കുടികൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് ആശ്രമം തുടങ്ങിയത്. ദിവ്യയുടെ വിവാഹശേഷമായിരുന്നു ഇത്. ജോഷിയാണ് ദിവ്യയുടെ ഭര്‍ത്താവ്.
സന്യാസിയുടെ വേഷത്തില്‍ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ദിവ്യ ജോഷിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 42 ലക്ഷം രൂപ വരുന്ന ആഡംബര കാറില്‍ സഞ്ചരിക്കുന്ന ദിവ്യ ജോഷി അടുത്തിടെ കൊട്ടാര സദൃശമായ വീട് പണിതിരുന്നു. മൂന്നിലധികം വിദേശ നിര്‍മ്മിത കാറും ഇവര്‍ക്ക് സ്വന്തമായുണ്ട്.
തുടക്കം പ്രവചനവും ജ്യോതിഷവും ആയിരുന്നെങ്കിലും പിന്നീട് പൂജയിലേക്കും മാറാ രോഗങ്ങള്‍ക്കുള്ള ചികിത്സയിലേക്കും കടന്നു. ഇതോടെ ദിവ്യ ജോഷിയുടെ ആശ്രമത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. വലിയ തോതിലുള്ള പരസ്യങ്ങളും ദിവ്യ ജോഷി നല്‍കിയിരുന്നു.
ഇവര്‍ക്കെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തന്നില്‍ നിന്നും വന്‍ തുക വാങ്ങി പൂജ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്ന് പരാതിക്കാരി ഉന്നയിക്കുന്നു. പൊലീസിന് പരാതി ലഭിച്ചതോടെ ചികിത്സയുടെ പേരില്‍ തൃശൂരിലെ ഒരു ആശുപത്രിയിലേക്ക് ദിവ്യ ജോഷി മുങ്ങുകയായിരുന്നു.
ഇന്ന് രാവിലെ ഒരു സംഘം പൊലീസുകാര്‍ ആശ്രമത്തില്‍ എത്തി പരിശോധന നടത്തി. മറ്റൊരു സംഘം പൊലീസ് ആശുപത്രിയിലെത്തി ദിവ്യ ജോഷിയെ ചോദ്യം ചെയ്തു. ദിവ്യജോഷിയുടെ സമ്പത്തിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.