കൊച്ചി|
aparna|
Last Modified തിങ്കള്‍, 17 ജൂലൈ 2017 (11:57 IST)
യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് പൂഞ്ഞാര്‍ പിസി ജോര്‍ജ് എംഎല്‍എയാണ്. പറയുക മാത്രമല്ല, തന്റെ വാക്കുകളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് പി സി ജോര്‍ജ്ജ്. സംഭവത്തില്‍ ദിലീപിനെതിരെ കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് ഗൂഢാലോചന നടത്തിയെന്നായിരുന്നു എം എല്‍ എയുടെ ആരോപണം.
എന്നാല്‍ ഇതു വെറുതെയുള്ള ഒരു ആരോപണം മാത്രമാണെന്ന് പലരും പറഞ്ഞു. എന്നാല്‍, ഇപ്പോഴിതാ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ച ജയില്‍ സൂപ്രണ്ട് വി ജയകുമാറിനെ ഈ സ്ഥാനത്ത് നിന്നു മാറ്റി. പകരം പുതിയ സൂപ്രണ്ടിനെ നിയമിച്ചു. ജയകുമാറിനെ കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടായാണ് നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പിസി ജോര്‍ജ് ഇക്കാര്യം സൂചിപ്പിച്ച് കത്തയക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ കഴിയവെ ജയില്‍ സൂപ്രണ്ടിന്റെ സീല്‍ പതിച്ച കടലാസിലാണ് ദിലീപിന് കത്തെഴുതിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് പിസി ജോര്‍ജിന്റെ ചോദ്യം. പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ട പ്രകാരം ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റുന്നതില്‍ ഉള്‍പ്പെടുത്തിയാണ് കാക്കനാട് ജയിലിലും മാറ്റമുണ്ടായിരിക്കുന്നതെന്ന് ജയില്‍ വകുപ്പ് പറയുന്നു. കാക്കനാട്ടെ പുതിയ സൂപ്രണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മോഹനകുമാരനെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സൂപ്രണ്ടായി നിയമിച്ചു.