ദിലീപ് നടന്‍, ശ്വേത നടി, ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’യാണ് മികച്ച ചിത്രം. ദിലീപ് മികച്ച നടനായും ശ്വേതാ മേനോന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘പ്രണയം’ എന്ന ചിത്രം സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകന്‍.

വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ വേഷത്തിനാണ് ശ്വേതാ മേനോന് അവാര്‍ഡ് ലഭിച്ചത്.

മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലിനാണ്. രണ്ടാ‍മത്തെ നടിക്കുള്ള പുരസ്കാരം ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലൂടെ നിലമ്പൂര്‍ ആയിഷയ്ക്ക് ലഭിച്ചു. മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ജഗതി ശ്രീകുമാറിനും ലഭിച്ചു.

മികച്ച കഥയ്ക്കുള്ള അവാര്‍ഡ് എം മോഹനാണ്. മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് സംവിധായകന്‍ കൂടിയായ എം മോഹന് അവാര്‍ഡ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ട്രാഫിക്കിലൂടെ ബോബി - സഞ്ജയ് നേടി. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് സാള്‍ട്ട് ആന്‍ഡ് പെപ്പറിനാണ്. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറി ആണ് മികച്ച നവാഗത സംവിധായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :