തൊഴിലാളിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
എറണാകുളം|
WEBDUNIA|
കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടുകാരായ തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് തീ കൊളുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് എം ദിനകര്‍ ആണ് കേസെടുത്തത്. സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചിരുന്നു.
അതേസമയം, കേസില്‍ പ്രതിയായ കരാറുകാരനെ തേടി പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. തൊഴിലാളി മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സഫിയാണു മരിച്ചത്. മറ്റു തൊഴിലാളികളായ ആന്‍ഡ്രൂസ്, സുരേഷ്, വിജയന് എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.
തോമസും നാലു തൊഴിലാളികളും ഒരുമിച്ചായിരുന്നു താമസം. വെള്ളിയാഴ്ച രാത്രി അഞ്ചു പേരും ഒരുമിച്ചിരുന്ന് മദ്യപിച്ച സമയത്ത്, തങ്ങള്‍ ജോലി നിര്‍ത്തുകയാണെന്നും കൂലിയായ 14,000 രൂപ നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പണം നല്കാന് തോമസ് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തോമസുമായി വാക്കുതര്‍ക്കമായി. തുടര്‍ന്ന് തോമസ് വഴക്കിട്ട് പുറത്തുപോകുകയും ചെയ്തു.
പുറത്തു പോയതിനു ശേഷം തിരിച്ചുവന്ന തോമസ് മദ്യലഹരിയില്‍ കിടന്നിരുന്ന തൊഴിലാളികളുടെ അടുത്തെത്തി. സുരേഷ് ഒഴികെ മൂന്നുപേരും മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. തോമസുമായി വീണ്ടും വഴക്കിട്ട സുരേഷ്, തോമസിനെ മുറിയില്‍നിന്ന് പുറത്താക്കി വാതിലടച്ചു.
ക്ഷുഭിതനായ തോമസ് പുറത്തുപോയി പെട്രോള്‍ വാങ്ങിയശേഷം മുറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ജനലിലൂടെ ഒഴിച്ച് തീയിട്ടു. ഇയാള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.