തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് പ്രാധാന്യം

തിരുവനന്തപുരം| M. RAJU| Last Modified ശനി, 19 ജനുവരി 2008 (17:08 IST)
തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട്ക്കൊണ്ട് പാഠ്യപദ്ധതി പരിഷ്ക്കരിക്കാന്‍ പാഠ്യപദ്ധതി പരിഷകരണ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

യു.പി തലം മുതല്‍ ഹൈസ്കൂള്‍ തലം വരെ പുസ്തകങ്ങളുടെ എണ്ണം രണ്ടാക്കി വര്‍ദ്ധിപ്പിക്കും. അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഒരു പുസ്തകവും ശേഷം മറ്റൊന്നും നല്‍കാനാണ് ശുപാര്‍ശ. പേജുകളുടെ എണ്ണം 50ല്‍ കൂടരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ബാഗിന്‍റെ ഭാരം കുറയ്ക്കുക എന്ന ലക്‍ഷ്യത്തോടെയാണ് ഈ തീരുമാനം.

ഒരു അധ്യയന വര്‍ഷത്തില്‍ രണ്ട് പരീക്ഷ മതിയെന്നും നിര്‍ദ്ദേശമുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ആദ്യ പരീക്ഷയും മാര്‍ച്ചില്‍ രണ്ടാമത്തെ പരീ‍ക്ഷയും നടത്തും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറും.

ഇംഗ്ലീഷും ഐ.റ്റിയും ഒന്നാംക്ലാസ് മുതല്‍ പഠിപ്പിക്കാനും ഇംഗ്ലീഷില്‍ സംസാരിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ പഠന രീതി മാറ്റാനും ശുപാര്‍ശയുണ്ട്. പൊതുവിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതെങ്കിലുമൊരു തൊഴില്‍ പരിശീലനം കൂടി ഉറപ്പ് വരുത്തണം.

ഇതിനായി പ്രത്യേക പരിശീലന പരിപാടികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒമ്പത്, പത്ത് ക്ലാസുകളില്‍ സാമാന്യ പഠനത്തിന് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള വിഷയത്തില്‍ സവിശേഷ പഠനത്തിനും അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ അന്തിമ ഘട്ടം തയാറാക്കിയത്.

പൊതു വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ കോര്‍കമ്മിറ്റിയും വിദ്യാഭ്യാ‍സ മന്ത്രി അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയും യോഗം ചേര്‍ന്നാണ് ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചട്ടക്കൂടിന് അംഗീകാരം നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :