തൃശൂര്‍ മുന്നേറുന്നു, കോട്ടയം കലയുടെ ലഹരിയില്‍

കോട്ടയം| WEBDUNIA|
PRO
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനത്തിലേക്ക് കടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുമായി തൃശൂര്‍ ജില്ല മുന്നേറുകയാണ്. നൂറ്റിപ്പതിനേഴര പവന്‍റെ സ്വര്‍ണകപ്പ് സ്വന്തമാക്കാനുള്ള കുതിപ്പില്‍ 150 പോയിന്‍റ് നേടി തൃശൂര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 140 പോയിന്‍റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.

137 പോയിന്‍റുമായി പാലക്കാടും 136 പോയിന്റുമായി ആലപ്പുഴയും 133 പോയിന്‍റുമായി ആതിഥേയരായ കോട്ടയവുമാണ് മൂന്നും നാലും അഞ്ചും സ്ഥാനത്ത്. മറ്റു ജില്ലകളുടെ പോയിന്‍റ് നില ഇങ്ങനെയാണ്, തിരുവനന്തപുരം - 133, കണ്ണൂര്‍ - 133, എറണാകുളം - 132, മലപ്പുറം - 116, കൊല്ലം - 115, കാസര്‍കോഡ് - 111, പത്തനംതിട്ട - 99, വയനാട് - 95, ഇടുക്കി - 92.

മത്സരങ്ങള്‍ക്കായി കോട്ടയത്തെ അരങ്ങുണര്‍ന്നു കഴിഞ്ഞു. മോഹിനിയാട്ടം, നാടകം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് പ്രധാനമായും നടക്കുക. രചനാമത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. മത്സരം കാണുന്നതിനായി കാണികള്‍ എത്തിതുടങ്ങുന്നതേയുള്ളൂ, കോഴിക്കോട് നടന്ന സുവര്‍ണ ജൂബിലില്‍ കലോത്സവത്തെ വെച്ചു നോക്കുമ്പോള്‍ കോട്ടയം കലോത്സവത്തില്‍ കാണികള്‍ വളരെ കുറവാണ്.

ഇന്നലെ നടന്ന ഗിത്താര്‍ പാശ്ചാത്യസംഗീതത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ തോമസ് ജോര്‍ജിനാണ് ഒന്നാം സ്ഥാനം. മദ്ദളത്തില്‍ പാലക്കാട് പെരിങ്ങോട് ന്യൂ ഹയര്‍ സെക്കണ്ടറി സ്കൂളിലെ രഞ്ജിത് കൃഷ്ണന്‍ പി കെ ഒന്നാമതെത്തി.
പെണ്‍കുട്ടികളുടെ കഥകളിയില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എം ഇ ടി ഇ എം എച്ച് എസ് സ്കൂളിലെ എ ഐശ്വര്യയാണ് വിജയിയായത്.

ആണ്‍കുട്ടികളുടെ വിഭാഗം ഭരത്യനാട്യത്തില്‍ കണ്ണൂര്‍ മാടായി ജി ബി വി എച്ച് എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ പി വിയാണ് വിജയി. പെണ്‍കുട്ടികളുടെ വിഭാഗം ഭരതനാട്യത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഐശ്വര്യ രാജ സി കെയ്ക്കാണ് ഒന്നാംസ്ഥാനം.

ചൊവ്വാഴ്ച നടന്ന അക്ഷരശ്ലോകമത്സരത്തില്‍ കോഴിക്കോട് നീലേശ്വരം ഗി എച്ച് എസ് സ്കൂളിലെ ഗോപിക ഇയാണ് ഒന്നാമതെത്തിയത്. ഇന്നലെ വൈകുന്നേരം നടന്ന മാര്‍ഗംകളിയില്‍ എറണാകുളം കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഷിഗ്‌മ പ്രസ്റ്റീനയും സംഘവും ഒന്നാമതെത്തി. ചെണ്ടമേളത്തില്‍ തൃശൂര്‍ ജില്ലയിലെ മണ്ണാമ്പെറ്റ മാത ഹൈസ്കൂളിലെ രാഹുല്‍ കെ ആറും സംഘവും ഒന്നാമതെത്തി.

ദേശഭക്തിഗാനത്തില്‍ സെന്‍റ് തെരേസാസ് എ ഐ എച്ച് എസ് സ്കൂള്‍ കണ്ണൂര്‍ ഒന്നാമതെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :