തൃശൂരിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമായ 'കുപ്പിക്കഴുത്ത്' പൊട്ടിച്ചു. ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും തെല്ലും ക്ഷാമമില്ലാതിരുന്ന ഇവിടം വീതി കൂട്ടാന്‍ കെഎസ്‌ആര്‍ടിസിയും കോര്‍പറേഷനും തെല്ലൊന്നല്ല തമ്മിലടിച്ചത്. ഭൂമി തര്‍ക്കമായിരുന്നു ഇത് നടപ്പാകാന്‍ വൈകിയതിന് പിന്നിലെ പ്രധാന കാരണം.
നഗരത്തെ ഇത്രമാത്രം ദുരിതത്തിലാക്കിയ കെഎസ്‌ആര്‍ടിസി മൂലയിലെ കുപ്പിക്കഴുത്തിനാണ് ശാപമോക്ഷമായത്. ഇനിയും പൊട്ടിച്ചെടുക്കാനുണ്ട് മറ്റൊരു കുപ്പിക്കഴുത്തുകൂടി. പട്ടാളം റോഡില്‍ ഹെഡ് പോസ്റ്റാഫിസ് മൂലയിലെ കുപ്പിക്കഴുത്ത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പായിരുന്നു കെഎസ്‌ആര്‍ടിസി മൂലയിലെ കുപ്പിക്കഴുത്ത് പൊട്ടുന്നത് കാണാന്‍. വലിയ സന്നാഹത്തോടെയെത്തിയ സംഘം കുപ്പിക്കഴുത്ത് പൊട്ടിച്ചതോടെ പൂരം വെടിക്കെട്ടിന് തിരികൊളുത്തിയ ആവേശമായിരുന്നു തൃശൂരിന്റെ തെക്ക് പടിഞ്ഞാറന്‍ അങ്ങാടിക്കാര്‍ക്ക്. പക്ഷെ, ശക്തന്‍-കെഎസ്‌ആര്‍ടിസി റോഡിലെ സാക്ഷാല്‍ കുപ്പിക്കഴുത്ത് പൊട്ടണമെങ്കില്‍ പൂരം കഴിയണമെന്നുമാത്രം.
ഗതാഗതക്കുരുക്ക് അധികം ഉണ്ടാകാറുള്ള കെഎസ്‌ആര്‍ടിസിയുടെ നിര്‍ദിഷ്ട കവാട പരിസരമാണ് പൊളിച്ചത്. ഇതോടെ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലേക്കുള്ള വഴി സീതാറാം ആശുപത്രിക്കു സമീപത്തേക്കു മാറും. റെയില്‍വെ സ്റ്റേഷന്‍ റോഡിന്റെ ഭാഗത്തേക്കുള്ള കവാടം അടക്കും. പൂരം കഴിഞ്ഞുമാത്രമെ ടാറിങ് നടപടികള്‍ ആരംഭിക്കു.