തീവ്രവാദ സംഘടനകളെ നിരോധിക്കാന്‍ പിന്തുണ: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 22 ജൂലൈ 2010 (13:43 IST)
PRO
മത തീവ്രവാദ സംഘടനകളെ നിരോധിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്താല്‍ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ഫ്രണ്ട്‌, പി ഡി പി, ജമാ അത്തെ ഇസ്ലാമി, ആര്‍ എസ്‌ എസ്‌, ബജ്‌രംഗ്ദള്‍ തുടങ്ങിയ വര്‍ഗീയ തീവ്രവാദ സംഘടനകളുമായി കോണ്‍ഗ്രസ്‌ രാഷ്ട്രീയ കൂട്ടുകെട്ട്‌ ഉണ്ടാക്കുകയോ സഹകരിക്കുകയോ വേദി പങ്കിടുകയോ ചെയ്യുകയില്ല. ഈ സംഘടനകളുമായി ഒരു രാഷ്ട്രീയ ബന്ധവും കോണ്‍ഗ്രസിന് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

മത തീവ്രവാദ സംഘടനകളെ നിരോധിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്‌. ജമാഅത്തെ ഇസ്ലാമിയെയും പി ഡി പിയെയും ഇരുപത്‌ വര്‍ഷത്തോളം കൂടെ കൂട്ടിയ ഇടതുമുന്നണിയാണ് ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി അവരെ തള്ളിപ്പറഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സംഭവത്തിന്‍റെ പേരില്‍ ഏതെങ്കിലും മതത്തെ കുറ്റപ്പെടുത്തുന്നതിനോട്‌ കോണ്‍ഗ്രസിന്‌ യോജിപ്പില്ല. ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. കുറ്റവാളികളെ മതത്തിന്‍റെ പേരില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :