തീരദേശങ്ങളില്‍ സെന്‍സസ് ഈ വര്‍ഷം

കൊല്ലം| WEBDUNIA| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (10:44 IST)
രാജ്യത്തെ ഒന്‍പത്‌ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷാ സംബന്ധമായ കാരണങ്ങളാല്‍ ഈ വര്‍ഷം തന്നെ സെന്‍സസ്‌ നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു. രാജ്യത്തെ ആദ്യ തീരദേശ പൊലീസ്‌ സ്‌റ്റേഷന്‍ നീണ്ടകരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശം സംരക്ഷിക്കുന്നതില്‍ വന്ന പാളിച്ചയാണ് മുംബൈയില്‍ ഭീകരാക്രമണം നടക്കാന്‍ ഇടയാക്കിയത്. അതുകൊണ്ടു തന്നെ ഈ വര്‍ഷം തീരദേശ സംസ്ഥാനങ്ങളില്‍ സെന്‍സസ് ആവശ്യമാണ്. മറ്റു പ്രദേശങ്ങളില്‍ 2010 - 2011 കാലയളവില്‍ സെന്‍സസ്‌ നടത്തും - ചിദംബരം പറഞ്ഞു.

രാജ്യത്തിന്‍റെ തീരപ്രദേശങ്ങളും കടലും നാവികസേനയുടെ സംരക്ഷണത്തിലാക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് ചിദംബരം പറഞ്ഞു. കോസ്‌റ്റല്‍ കമാന്‍ഡ്‌ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ തീരദേശസംരക്ഷണത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. തീരപ്രദേശങ്ങളില്‍ സംശയകരമായ എന്തെങ്കിലും ഉണ്ടായാല്‍ അത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണം. മലപ്പുറത്ത്‌ തീരദേശപോലീസ്‌ സ്‌റ്റേഷന്‍ ആരംഭിക്കാന്‍ ഉടന്‍ ഉത്തരവ്‌ നല്‍കുമെന്നും ചിദംബരം പറഞ്ഞു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എസ് ശര്‍മ്മ, കെ പി രാജേന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :