തച്ചങ്കരിക്കെതിരെ പരാതിയുമായി ഐജി ശ്രീലേഖ

തിരുവനന്തപുരം| WEBDUNIA|
വിദേശ യാത്രാ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഐ ജി ശ്രീലേഖയും രംഗത്ത്. തനിക്കതിരെ തെളിവുമായി തച്ചങ്കരി രംഗത്തു വന്നത് വ്യക്തി വിദ്വേഷം മൂലമാണെന്ന് കാണിച്ചു കൊണ്ട് ഐ പി എസ് അസോസിയേഷന് പരാതി നല്കി.

തനിക്കെതിരെ അടിസ്ഥനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച്‌ വിവാദത്തിലെക്ക്‌ വലിച്ചിഴച്ച തച്ചങ്കരിക്കെതിരെ നടപടി വേണമെന്നാണ്‌ കത്തില്‍ ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്‌. നേരത്തെ ആലുവ റൂറല്‍ എസ്‌ പി ടി വിക്രമും ഇതേ ആവശ്യമുന്നയിച്ച്‌ ഡിജിപിക്ക്‌ പരാതി നല്‍കിയിരുന്നു.

തച്ചങ്കരിയുടെ വിദേശയാത്ര വിവാദമായതിനെ തുടര്‍ന്ന് ഐ ജി ടോമിന്‍ തച്ചങ്കരി ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ ഐ ജി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് തച്ചങ്കരി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നല്കിയ ഉപഹര്‍ജിയിലായിരുന്നു ശ്രീലേഖയ്ക്കും മറ്റ് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാമര്‍ശം.

റബര്‍ മാര്‍ക്കറ്റിംഗ്‌ എം ഡിയായിരിക്കേ ആര്‍ ശ്രീലേഖ അനുമതിയില്ലാതെ തായ്‌ലന്‍ഡില്‍ പോയിരുന്നു. ഔദ്യോഗിക ആവശ്യത്തിന്‌ വേണ്ടിയാണ്‌ പോയതെങ്കിലും അനുമതി വാങ്ങിയിരുന്നില്ല. യാത്രാമൂലം സര്‍ക്കാരിന്‌ 67,349 രൂപ നഷ്ടമുണ്ടായതായി വിലയിരുത്തിയിരുന്നു. ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച്‌ സര്‍ക്കാര്‍ നടപടി ഒഴിവാക്കുകയായിരുന്നുവെന്ന് ഉപഹര്‍ജിയില്‍ തച്ചങ്കരി പറയുന്നു.

മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ തന്നെ തെരഞ്ഞുപിടിച്ച്‌ സസ്പെന്‍ഡു ചെയ്യുകയായിരുന്നുവെന്ന്‌ ഉപഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഐ എ എസുകാരായ പി സി സനല്‍കുമാര്‍, ജയതിലക്‌, ഇഷിത റോയ്‌, ഐ പി എസുകാരായ ആര്‍ ശ്രീലേഖ, ടി വിക്രം, ജയപ്രകാശ്‌ എന്നിവര്‍ ചട്ടം ലംഘിച്ച്‌ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്‍റെ വിശദാംശങ്ങളായിരുന്നു തച്ചങ്കരി സമര്‍പ്പിച്ചിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :