ദുരന്തനിവാരണത്തിന്‍റെ ഭാഗമായി നടന്ന മോക്ഡ്രില്ലിനിടെ ഉണ്ടായ അപകടത്തില്‍ ഡി വൈ എസ് പി രവീന്ദ്രപ്രസാദ് മരിക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. അപകടത്തില്‍ മരിച്ച രവീന്ദ്ര പ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഡി ജി പിയുടെ മേല്‍നോട്ടത്തില്‍ എ ഡി ജി പി ജംഗ്‌പാംഗി ആയിരിക്കും അന്വേഷണം നടത്തുക. അപകടത്തില്‍ മരിച്ച രവീന്ദ്രപ്രസാദിന്റെ ആശ്രിതര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് ജോലി നല്‍കുമെന്നും ധനസഹായം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎസ്പി ബി രവീന്ദ്രപ്രസാദ്(50) ബുധനാഴ്ചയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ വഴിച്ചേരിയിലുള്ള ഇ എസ് ഐ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. വലതുകാലിന്റെ മുട്ടിന് താഴെയും ഇടുപ്പെല്ലിനും പൊട്ടലുണ്ടാവുകയും മൂത്രസഞ്ചിക്ക് പരിക്കേല്‍ക്കുകയും രവീന്ദ്രപ്രസാദിനെ ട്രോമാകെയര്‍ യൂണിറ്റില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.