ഡാനിയല്‍ പുരസ്കാരം രാമദാസിന്‌

തിരുവനന്തപുരം| WEBDUNIA|

മലയാള സിനിമയിലെ പ്രസിദ്ധ അവാര്‍ഡുകളിലൊന്നായ ജെ.സി ഡാനിയല്‍ പുരസ്കാരത്തിന്‌ പ്രശസ്ത സിനിമാ സംവിധായകന്‍ പി.രാമദാസ്‌ അര്‍ഹനായി. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌.

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിനാണ്‌ രാമദാസ്‌ അര്‍ഹനായത്‌. ജേതാവിനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ അവാര്‍ഡ്‌ കമ്മിറ്റിയാണ്‌ തെരഞ്ഞെടുത്തത്‌. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

രാമദാസ്‌ - മലയാളത്തില്‍ ആദ്യത്തെ നിയോറിയലിസ്റ്റിക്ക്‌ സിനിമ നിര്‍മിച്ച്‌ മലയാള സിനിമക്ക്‌ സ്വന്തമായി സംഭാവന നല്‍കിയ വ്യക്തിയാണെന്ന്‌ അവാര്‍ഡ്‌ കമ്മറ്റി വിലയിരുത്തി.

രാമദാസ്‌ തന്നെ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്തതാണ്‌ ന്യൂസ്‌ പേപ്പര്‍ ബോയ്‌. ആദര്‍ശ്‌ കലാമന്ദിറിന്‍റെ ബാനറില്‍ ആദ്ദേഹം സംവിധാനം ചെയ്ത ന്യൂസ്‌ പേപ്പര്‍ ബോയ്‌ മലയാള സിനിമയില്‍ മാറ്റത്തിന്‍റേതായ കാഴ്ചയും കേള്‍വിയും സമ്മാനിച്ച സിനിമയാണെന്ന്‌ എം.എ ബേബി പറഞ്ഞു.

അവാര്‍ഡ്‌ വിതരണം ചെയ്യുന്ന തീയതി പിന്നീട്‌ പ്രഖ്യാപിക്കും. രാമദാസിന്‍റെ ആരോഗ്യ സ്ഥിതിയും സമയവും നോക്കി ഉടന്‍ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ വിതരണം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ കൂടാതെ കമ്മറ്റി അംഗങ്ങളായ കെ.ജി ജോര്‍ജ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍, രാധാമണി ടീച്ചര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :