ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (13:55 IST)
ടു ജി സ്‌പെക്‌ട്രവുമായി ബന്ധപ്പെട്ട് അന്നത്തെ ടെലകോം മന്ത്രി എ രാജ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ
തെറ്റിദ്ധരിപ്പിച്ചതായി സി ബി ഐ. പ്രത്യേക കോടതിയെയാണ്
സി ബി ഐ ഇക്കാര്യം അറിയിച്ചത്. എ രാജ കേസിലെ മറ്റു കുറ്റാരോപിതരുമായി ചേര്‍ന്ന് ചില കമ്പനികള്‍ക്ക് വേണ്ടി ദിവസം നീട്ടി നല്‍കിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ ബോധിപ്പിച്ചു.
സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, യുണൈറ്റഡ് വയര്‍ലെസ് ലിമിറ്റഡ് (തമിഴ്നാട്) എന്നീ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് രാജ ടു ജി ലൈസന്‍സ് അനുവദിച്ചുവെന്നും ഗ്രോവര്‍ കോടതിയില്‍ വാദിച്ചു. മുന്‍ഗണനാക്രമം തെറ്റിച്ചാണ് ഈ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ഇതിനായി ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയത്തില്‍ മാറ്റങ്ങള്‍ വരുത്തി.
നയപരമായ തീരുമാനങ്ങള്‍ മന്ത്രിമാര്‍ അടങ്ങുന്ന ഉന്നതാധികാര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന നിയമമന്ത്രിയുടെ നിര്‍ദേശം രാജ ചെവിക്കൊണ്ടില്ലെന്നും രാജ മന്‍മോഹന്‍ സിംഗിന് 2007 നവംബര്‍ രണ്ടിന് രാജ അയച്ച കത്തും ഗ്രോവര്‍ കോടതിയില്‍ പരാമര്‍ശിച്ചു.
എ രാജയും ഡി എം കെ എം പി കനിമൊഴിയും അടക്കം 17പേരാണ് ടു ജി സ്പെക്‌ട്രം അഴിമതിക്കേസില്‍ പ്രതികള്‍. വഴിവിട്ട് ടു ജി സ്പെക്‌ട്രം ലൈസന്‍സ് നല്‍കിയതിലൂടെ പൊതുഖജനാവിന് 30,984 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് സി ബി ഐ കേസ്.