ടിപ്പറിടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പുന്നക്കല്‍ മൂശാരിയേട്ട് ജോസ് പ്രസാദ്-ട്രീസ ദമ്പതികളുടെ മകള്‍ സ്‌നേഹ സാന്ദ്രയാണ് (12) മരിച്ചത്. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠസഹോദരി പ്രണയ സാന്ദ്രയെ (14) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന പാതയില്‍ ഓമശ്ശേരി-മുക്കം റോഡില്‍ മുത്തേരി മാങ്ങാപൊയിലിലാണ് അപകടമുണ്ടായത്. നാലുമണിക്ക് അഗസ്ത്യന്‍മുഴിയില്‍നിന്ന് സ്‌കൂള്‍ വിട്ട് ജീപ്പില്‍ വീടിനടുത്ത വന്നിറങ്ങിയ ഇരുവരെയും കുതിച്ചുവന്ന ടിപ്പര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ടിപ്പറിന്റെ ഇടിയില്‍ റോഡരികെയുള്ള വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. ടിപ്പര്‍ തല കീഴായി മറിയുകയും ചെയ്തു. സ്‌നേഹ അപകടസ്ഥലത്തു തന്നെ മരിച്ചു.
ക്ഷുഭിതരായ നാട്ടുകാര്‍ മണിക്കൂറുകളോളം സംസ്ഥാനപാതയിലെ ഗതാഗതം തടഞ്ഞു. പൊലീസ് എത്താന്‍ വൈകിയതും നാട്ടുകാരെ ക്ഷുഭിതരാക്കി.
അഗസ്ത്യന്‍മുഴി പള്ളോട്ടിഹില്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌നേഹ സാന്ദ്ര. സഹോദരി ഇതേ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.