ടി കെ ഹംസയുടെ വിമര്‍ശനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന്റെ ചുട്ടമറുപടി. ഹംസ ശുംഭനാണെന്നാണ് വി എസ് അഭിപ്രായപ്പെട്ടത്. ഹംസയുടെ ശുംഭത്തരത്തിന് എന്ത് മറുപടി പറയാനാണെന്നും വി എസ് ചോദിച്ചു.
എ കെ ജിയെപ്പോലും അപഹസിച്ചയാളാണ് ഹംസയെന്നും വി എസ് ചൂണ്ടിക്കാട്ടി. ‘കാലന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തത്‘ എന്നായിരുന്നു ഹംസയുടെ പരിഹാസം. ഡിസിസി പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഹംസ എ കെ ജിയെ അപഹസിച്ചത്. ഞങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയ സിപിഎം വളര്‍ന്നപ്പോള്‍ അതില്‍ ചേര്‍ന്ന് ഗുണമനുഭവിച്ചയാളാണ് ഹംസ. കാലാകാലങ്ങളില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ഹംസ ഇനിയും അതിന് കാത്തിരിക്കുകയാണെന്നും വി എസ് അഭിപ്രായപ്പെട്ടു.
വളാഞ്ചേരിയില്‍ തിങ്കളാഴ്ച നടന്ന സി പി എം യോഗത്തില്‍ വി എസിനെ ഹംസ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ ആളാണ് വി എസ്. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും ഹംസ കുറ്റപ്പെടുത്തിയിരുന്നു. ടി പി ചന്ദ്രശേഖരന് വധത്തില്‍ പിണറായി വിജയന് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ വി എസിനെയും യുഡിഎഫിന് കുടുക്കാം. വി എസിനെ കുടുക്കിയാല്‍ ഒരു ശല്യം തീര്‍ന്നുകിട്ടിയേനെ എന്നും ഹംസ പറഞ്ഞിരുന്നു.