ടി പി വധത്തിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: സര്‍ക്കാര്‍

കൊച്ചി| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനുവേണ്ടി 2009 മുതല്‍ ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്‌. ഗൂഢാലോചന നടത്തിയതിന്‌ തെളിവില്ലെന്ന്‌ പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ മെയ് നാല് വെള്ളിയാഴ്ച രാത്രി പത്തരയോടെ വടകര വള്ളിക്കാടിനു സമീപം ഇന്നോവ കാറിലെത്തിയ സംഘമാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ വെട്ടേറ്റതിന്റെ 51 മുറിവുകളുണ്ടായിരുന്നു‌.

കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയക്കൊലപാതക്കേസുകളില്‍ പ്രതിയായ കൊടി സുനിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ കൊലയാളി സംഘത്തെ ഏകോപിപ്പിച്ചത് ടി കെ രജീഷ് ആയിരുന്നു എന്ന് മനസിലായതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇന്നോവക്കാറില്‍ സഞ്ചരിച്ച മറ്റ് ആറു പേരെയും പൊലീസ് പലസ്ഥലങ്ങളില്‍ നിന്നായി പിടികൂടി.

പിടികൂടിയവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് സി പി എം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ ആണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാകുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസം വടകര ഒന്നാം ക്ലാസ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.

കുഞ്ഞനന്തന്‍ കീഴടങ്ങിയതോടെ ടി പി വധക്കേസ് അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. കുഞ്ഞനന്തനെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :