ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ മോഹന്‍ലാല്‍ ബ്ലോഗില്‍ അപലപിച്ചതിന് പിന്നാലെ നടന്‍ തിലകനും പ്രതികരിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് തിലകന്‍ തലശേരിയില്‍ പറഞ്ഞു. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരാണ് കൊലയ്ക്കു പിന്നിലെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്നും തിലകന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാഹിയില്‍ നടന്ന ഒരു ചടങ്ങില്‍ തിലകന്‍ കൊലപാതകരാഷ്ട്രീയത്തെ അപലപിച്ചെങ്കിലും ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ആശയത്തെ ആശയംകൊണ്ടാണ് നേരിടേണ്ടതെന്നും അല്ലാതെ ആയുധം കൊണ്ടാവരുത്. ചെറുപ്പക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ചേക്കേറുന്നതിനു പകരം സാംസ്കാരിക രംഗത്തേക്കാണ് കടന്നുവരേണ്ടതെന്നും തിലകന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചന്ദ്രശേഖരന്റെ വധത്തെ അപലപിച്ച് കുറിപ്പ് എഴുതിയത്. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ മനുഷ്യരല്ല. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടിയും പേടിയും തോന്നുന്നു എന്നുമാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചത്.