ടി പി വധം: ആയുധങ്ങള്‍ കണ്ടെത്തി

കോഴിക്കോട്| WEBDUNIA|
PRO
PRO
റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. തലശേരി പൊലീസാണ് ആയുധം കണ്ടെടുത്തത്. എന്നാല്‍ കണ്ടെത്തിയ ആയുധങ്ങളേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

തലശേരി മേഖലയിലെ ചൊക്ലി, പാനൂര്‍, കൊളവല്ലൂര്‍, കതിരൂര്‍, കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലെ പരിശോധനയിലാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട്‌ ജില്ലയിലെ വളയം, കല്ലാച്ചി, ചെക്യാട്‌ എന്നീ പ്രദേശങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്‌. പരിശോധനക്കിടെ ഒരു വീട്ടില്‍ നിന്ന്‌ ബോംബുകളും കണ്ടെടുത്തിട്ടുണ്ട്‌.

ഏഴുപേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതെങ്കിലും അന്‍പതോളം പേര്‍ക്ക് സംഭവവുമായി പരോക്ഷമായി ബന്ധമുണ്ടെന്ന് കരുതുന്നു. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന്‌ പരോളിലിറങ്ങിയ സുര എന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ വെച്ചാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന്‌ നേരത്തെ പൊലീസിന്‌ വിവരം ലഭിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ ജയിലില്‍ നിന്ന്‌ ഫോണ്‍കോളുകള്‍ പോയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന്‌ വ്യക്തമായി‌. ഇക്കാര്യം സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്‌. കൊല നടക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളില്‍ ജയിലിലേക്ക്‌ എത്തിയ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

ചന്ദ്രശേഖരന്റെ മൊബെയിലിലേക്ക് അവസാനായി വിളിച്ചയാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒഞ്ചിയം മേഖയിലുള്ള ഇയാള്‍ ചന്ദ്രശേഖരന്റെ ശവസംസ്കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തതായി പൊലീസ് കണ്ടെത്തി. ചന്ദ്രശേഖരന്റെ മൊബെയില്‍ ഫോണും സിംകാര്‍ഡും സൈബര്‍ ക്രൈം സെല്ലിന് കൈമാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :