തനിക്ക് ലഭിച്ച കോഴിത്തൂവല്‍ മയില്പ്പീലിയാണെന്ന് കരുതി കൊണ്ടു നടക്കുന്ന ആളാണ് പി സി ജോര്‍ജെന്ന് സുകുമാര്‍ അഴീക്കോട്. മന്ത്രി ഗണേശ്കുമാറിന്റെ ‘കാമഭ്രാന്തന്‍’ പ്രസ്താവനയുമായി ബന്ധപ്പെട്ട തുടര്വിവാദത്തില് താന്‍ പറഞ്ഞുകൂട്ടിയതിനൊക്കെ മാപ്പു തരണം എന്ന് ആവശ്യപ്പെടാനുള്ള യോഗ്യതപോലും പി സി ജോര്‍ജിനില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ സാംസ്കാരിക പ്രശ്നമായി കണ്ട് മുഖ്യമന്ത്രി തിരുത്തണമെന്നും അഴീക്കോട് ആവശ്യപ്പെട്ടു.
പി സി ജോര്‍ജ് പത്തനാപുരത്ത് നടത്തിയ പ്രസംഗം വലിയ വിവാദമായി മാറുകയാണ്. ടി വി രാജേഷ്, ജയിംസ് മാത്യു, എ കെ ബാലന് എന്നിവര്‍ക്കെതിരെ അശ്ലീലച്ചുവയുള്ള ആംഗ്യങ്ങളും പദപ്രയോഗങ്ങളും ഉപയോഗിച്ച് പി സി ജോര്‍ജ് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷമായാണ് പ്രമുഖര്‍ പ്രതികരിച്ചത്.
‘തെറിക്കുത്തരം മുറിപ്പത്തല്’ എന്ന രീതിയിലാണ് പി സി ജോര്‍ജിനെതിരെ പ്രതികരിക്കേണ്ടതെന്നും എന്നാല്‍ ജനപ്രതിനിധിയായതുകൊണ്ടുമാത്രം അതിന് കഴിയില്ലെന്നും ടി എന്‍ സീമ എം പി പ്രതികരിച്ചു. കേരളത്തിനാകെ അപമാനകരമായ രീതിയില്‍ സംസാരിക്കുന്ന പി സി ജോര്‍ജ് രാജിവയ്ക്കണമെന്ന് മുന്‍ മന്ത്രി പി കെ ശ്രീമതി ആവശ്യപ്പെട്ടു.
ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത് തനിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ നടപടിക്ക് വിധേയനാകാനുള്ള അര്‍ഹത പോലും പി സി ജോര്‍ജിനില്ലെന്ന് എ കെ ബാലന് പ്രതികരിച്ചു. പട്ടികജാതിക്കാരനായതില് താന്‍ അഭിമാനിക്കുന്നു എന്നും ബാലന് പറഞ്ഞു.