ജോണ്‍സണ്‍ അന്തരിച്ചു

ചെന്നൈ| WEBDUNIA|
മലയാളികള്‍ ഹൃദയത്തോട് ചേര്‍ക്കുന്ന ഒട്ടേറെ മധുരഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നൈ പോരൂരിനടുത്ത് കാട്ടുപാക്കത്തുള്ള വീട്ടിലായിരുന്നു അന്ത്യം. നടത്തം കഴിഞ്ഞ് തിരിച്ചെത്തി കുളിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ കാട്ടുപ്പാക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച തൃശൂരിലാണ് സംസ്കാരം.

1978-ല്‍ ഭരതന്റെ ‘ആരവം‘ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് ജോണ്‍സണ്‍ സിനിമാ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. തുടര്‍ന്ന് 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ദേവരാജനുമായുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.

കൂടെവിടെ, ചാമരം, ഞാന്‍ ഗന്ധര്‍വന്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, വരവേല്‍പ്പ്, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, എന്റെ ഉപാസന, ഒഴിവുകാലം, പ്രേമഗീതങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ചുരം, ഒരു കഥ ഒരു നുണക്കഥ, മാളൂട്ടി, ചമയം, സാക്ഷ്യം, പക്ഷേ, ദശരഥം, വടക്കുനോക്കിയന്ത്രം, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, ഫോട്ടോഗ്രാഫര്‍ തുടങ്ങി മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത പകര്‍ന്നു. നാടകമേ ഉലകം ആണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം.

പൊന്തന്‍മാട, സുകൃതം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഓര്‍മയ്ക്കായി, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ സംഗീതസംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡും ജോണ്‍സണ് ലഭിച്ചു. സദയം, സല്ലാപം എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍ ചേലക്കോട്ടുകര തട്ടില്‍ വീട്ടില്‍ ആന്‍റണിയുടെയും മേരിയുടെയും മകനാണ്. ഇടക്കൊച്ചി വേലിക്കകത്ത് വീട്ടില്‍ റാണിയാണ് ഭാര്യ. ഷാന്‍ ജോണ്‍സണ്‍, റെന്‍ ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :