മടിക്കൈ കുലോം റോഡിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ(24)കുത്തേറ്റ സംഭവത്തില്‍ പ്രതി മദന്‍ മാലിക് കുറ്റം സമ്മതിച്ചെങ്കിലും. കൊലയ്ക്ക് പ്രേരിപ്പിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യലില്‍ മദന്‍ പരസ്പര വിരുദ്ധമായകാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്.
സംഭവദിവസം രാത്രി കിച്ചണില്‍ ഉള്ളി മുറിക്കവെ കയ്യിലെ കത്തി അബദ്ധത്തില്‍ ജിഷയുടെ ദേഹത്ത് തട്ടുകയായിരുന്നു. അവര്‍ വീണപ്പോളാണ് കത്തിതറച്ചു കയറിയതെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇതു വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇക്കാര്യം സത്യമാണോയെന്ന് പരിശോധിക്കാന്‍ പൊലീസ് ഡമ്മി പരിശോധന നടത്തും. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ 13 സെ മി ആഴത്തില്‍ കത്തിതാഴ്ന്നിറങ്ങിയിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ഇത്രയും ആഴത്തില്‍ കത്തിതാഴുമൊ എന്നറിയാനാണ് ഡമ്മി പരിശോധന.
പ്രതി ബാഗും വസ്ത്രങ്ങളും ഒരുക്കിവച്ചതിനെക്കുറിച്ചും വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയതുസംബന്ധിച്ചും പൊലീസ് ചോദിച്ചപ്പോള്‍ മറുപടി പറയാതെ ഒഴിയുകയായിരുന്നു. അന്വേഷണസംഘം അയല്‍ക്കാരായ സ്ത്രീകളുടെ മൊഴിയെടുത്തിട്ടുണ്ട്. നിലവിളികേട്ട് ഓടിയെത്തുമ്പോള്‍ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും ഫ്യൂസ് ഊരിയ നിലയിലായിരുന്നെന്നുമാണ് ഇവരുടെ മൊഴി.
മദ്യത്തിനും ലഹരിക്കും അടിമയായ മദനെ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ജിഷയുടെ ഭര്‍തൃസഹോദര പത്നി ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാകാം കൊല നടത്തിയതെന്നാണ് ഇപ്പൊള്‍ പൊലീസ് സംശയിക്കുന്നത്.