ജയില്‍ തകര്‍ത്ത കേസില്‍ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കി

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സൗമ്യ കൊലക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലിലെ രഹസ്യക്യാമറ തകര്‍ക്കുകയും ചെയ്ത കേസിലാണ്‌ ഇയാളെ കോടതിയില്‍ ഹാജരാക്കിയത്‌.

രാവിലെ 11.15 ന്‌ രണ്ടു പൊലീസുകാര്‍ക്കൊപ്പമാണ്‌ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കിയത്‌. കോടതി നടപടികള്‍ക്കുശേഷം 20 മിനിട്ടിനുള്ളില്‍ തിരിച്ച്‌ ഗോവിന്ദച്ചാമിയെ ജയിലിലേക്കു കൊണ്ടുപോയി. കേസ്‌ ഈ മാസം 26 ലേക്കു മാറ്റിവച്ചു.

ജയിലില്‍ തനിക്ക് ബിരിയാണി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി ആക്രമം കാണിച്ചത്. ജയില്‍ വാര്‍ഡന്മാരെ ആക്രമിക്കുകയും വാര്‍ഡന്മാര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒരാളെ കൊന്ന തനിക്കു മറ്റൊരാളെക്കൂടി കൊല്ലാന്‍ മടിയില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ ഇയാള്‍ അത് വാര്‍ഡന്മാര്‍ക്ക് നേരെ എറിയുകയും ചെയ്തു. വാര്‍ഡന്മാരെ ആക്രമിച്ചതിന് ഗോവിന്ദച്ചാമിക്കെതിരേ കണ്ണൂര്‍ ടൌണ്‍ പൊലീസാണ് കേസെടുത്തത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന സെല്ലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ഇയാള്‍ തല്ലിത്തകര്‍ത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :