ജയലക്ഷ്മിയുടെ ആദ്യ വിമാനയാത്ര, ഡല്‍ഹി കണ്ടു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മന്ത്രി പി കെ ജയലക്ഷ്മിയുടെ സങ്കല്പത്തിലെ ഡല്‍ഹിക്ക് അച്ഛന്‍ കുഞ്ഞിരാമന്‍ പകര്‍ത്തി നല്‍കിയ ചിത്രങ്ങളുടെ സൌന്ദര്യമായിരുന്നു. ഒരു ഡല്‍ഹിയാത്രയ്ക്ക് ശേഷം അച്ഛന്‍ കൊണ്ടുകൊടുത്ത ഫോട്ടോകളിലൂടെ ജയലക്ഷ്മി ആദ്യമായി ആ നഗരം കണ്ടു. തലസ്ഥാന നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഇന്ത്യാഗേറ്റിന്റെ ഫോട്ടോ ആയിരുന്നു ജയലക്ഷ്മിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ജയലക്ഷ്മി കേരളത്തിന്റെ മന്ത്രിയായി വളര്‍ന്നു. ജീവിതത്തില്‍ ആദ്യമായി അവര്‍ വിമാനത്തില്‍ കയറിയത് രാജ്യതലസ്ഥാനത്തേക്ക് പോകാനായിരുന്നു. കരിപ്പൂരില്‍ നിന്ന് മുംബൈ വഴി ഡല്‍ഹിക്ക് പോകുന്ന വിമാനത്തില്‍ ആയിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്നപ്പോള്‍ നല്ല പേടി തോന്നിയെന്ന് ജയലക്ഷ്മി.

പറന്നിറങ്ങിയ വിമാനം അന്താരാഷ്ട്ര വിമാനത്താവളത്തെ തൊട്ടുരുമ്മിയപ്പോള്‍ അമ്പരപ്പോടെ ജയലക്ഷ്മി ആദ്യമായി ഡല്‍ഹി കണ്ടു. എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലക്ഷ്മി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ യുവ എം എല്‍ എമാര്‍ ഡല്‍ഹിയില്‍ എത്തിയത്. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ജയലക്ഷ്മിക്ക് രാഹുലിന്റെ പ്രത്യേക അഭിനന്ദനം ഉണ്ടായിരുന്നു.

പി സി വിഷ്ണുനാഥ്‌, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്‌, വി ടി ബലറാം, ഐ സി ബാലകൃഷ്ണന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അധികാരത്തിന്റെ ആനുകൂല്യങ്ങളില്‍ മതിമറക്കാതെ സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന്‌ യുവ എം എല്‍ എമാരെ രാഹുല്‍ ഉപദേശിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :