ജയരാജന് പുതിയ കുറ്റപത്രം നല്‍കും

കൊച്ചി| WEBDUNIA|
PRO
PRO
സി പി എം സംസ്ഥാന സമിതി അംഗം എം വി ജയരാജനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കും. ആദ്യ കുറ്റപത്രം അവ്യക്‌തമായതിനാലാണ് ഇതെന്ന് കോടതി അറിയിച്ചു. തിങ്കളാഴ്ചയാണ് പുതിയ കുറ്റപത്രം നല്‍കുക. അന്ന് ജയരാജന്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തനിക്കെതിരായ കോടതിയലക്ഷ്യനടപടി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ജയരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ ജയരാജന്‍ ജഡ്ജിമാരെ വിമര്‍ശിച്ചതാണ് കോടതിയലക്ഷയ് നടപടിയിലേക്ക് നയിച്ചത്.

ജഡ്ജിമാരെ വിമര്‍ശിക്കാന്‍ കാട്ടിയ വീര്യം ജയരാജന്‍ ഇപ്പോള്‍ തുടരാത്തതെന്താണെന്നും ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്നും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു. നടപടി സ്‌റ്റേ ചെയ്യാനായി ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ മുഖവിലക്കെടുക്കാനാവില്ല. വിമര്‍ശനങ്ങള്‍ക്ക് ധൈര്യം കാട്ടിയ ആള്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയാറാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വസ്‌തുതകള്‍ കണക്കിലെടുക്കാതെയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതെന്നും വിവാദമായ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ തനിക്കു കൈമാറാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ജയരാജന്റെ അഭിഭാഷകന്‍ നാഗേശ്വരറാവു വാദിച്ചു. ഈ കേസില്‍ പ്രാഥമിക വാദം പോലും കേള്‍ക്കാതെയും ചട്ടം പാലിക്കാതെയുമാണ് കോടതി നോട്ടീസ് അയച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി ഈ വാദങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല. ഹൈക്കോടതിയില്‍ നടക്കുന്ന തുടര്‍ വിചാരണയില്‍ ഇത്തരം വാദങ്ങള്‍ ജയരാജന് ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി.

2010 ജൂണ്‍ 26-ന് ജയരാജന്‍ കണ്ണൂരില്‍ നടത്തിയ പൊതുപ്രസംഗമാണ് കേസിലേക്ക് നയിച്ചത്. 'ശുംഭന്മാര്‍, മണ്ടന്മാര്‍, പുല്ലുവില തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ജയരാജന്‍ നീതിപീഠത്തെയും ജഡ്ജിമാരെയും അവഹേളിച്ചു എന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :