ജനവിധിയെ തള്ളിപ്പറയുന്നില്ല: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായുണ്ടായ ജനവിധിയെ തള്ളിപ്പറയുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.

ഏതു ജനവിധിയും അംഗീകരിക്കും. വിജയമായാലും പരാജയമായാലും അതിനെ അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് സാധാരണയായി ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുക. അല്ലാതെ, തോല്‍‌വി പിണഞ്ഞാലുടനെ ജനവിധി ശരിയല്ലെന്നു പറയുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കില്ല - പിണറായി വ്യക്തമാക്കി.

2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് എല്‍ ഡി എഫ് പരിശോധിച്ചിരുന്നു. ആ പരിശോധനയുടെ ഫലമായി കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടുകൂടി എല്‍ ഡി എഫ് എഴുതിത്തള്ളപ്പെട്ടു എന്നു കരുതിയവരുടെ മുന്നില്‍ അങ്ങനെ എഴുതിത്തള്ളാനാകുന്ന ഒന്നല്ല ഇടതുമുന്നണിയെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട് - പിണറായി പറഞ്ഞു.

ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ നിലയില്‍ മികച്ച വിജയം കൈവരിക്കാന്‍ എല്‍ ഡി എഫിന് കഴിയുമെന്നും പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :