കാറപകടത്തില്‍ പരുക്കേറ്റു കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ വെന്റിലേറ്ററില്ലാതെ ശ്വസിക്കുന്നുണ്ട്, വിളിക്കുമ്പോള്‍ ചിലപ്പോള്‍ വിളി കേള്‍ക്കുന്നുണ്ട്, കൈകള്‍ ചലിപ്പിക്കുന്നുമുണ്ട് എങ്കിലും ബോധം പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ജഗതിയുടെ ആരോഗ്യത്തില്‍ പ്രതീക്ഷിച്ചിരുന്നത്ര വന്‍ പുരോഗതി ഇല്ല എന്നതിനാല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം വെള്ളിയാഴ്ച മിംസില്‍ എത്തും എന്നറിയുന്നു.
വെന്റിലേറ്ററില്‍നിന്നും മാറ്റിയശേഷം ജഗതിയുടെ ശരീരം മരുന്നിനോടും ഭക്ഷണത്തോടും പ്രതികരിക്കുന്നുണ്ട്. കൈ നന്നായി ചലിപ്പിക്കാന്‍ കഴിയുന്നുണ്ട്. വിളിക്കുമ്പോള്‍ കണ്ണ് തുറക്കുന്നുമുണ്ട്. ചിലപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെങ്കിലും ബോധം പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ല. സംസാരിക്കുന്നതിനും പ്രശ്നങ്ങള്‍ ഉണ്ട്. വെല്ലൂര്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശപ്രകാരം ആയിരിക്കും ഇനി ജഗതിക്കുള്ള തുടര്‍ ചികിത്സകള്‍ നിശ്ചയിക്കുക.
മാര്‍ച്ച് പത്തിനാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച് ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു സര്‍ജറികള്‍ക്ക് വിധേയനാക്കിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കു പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്. ഇതിനിടെ, ജഗതിക്കൊപ്പം പരിക്കേറ്റ ഡ്രൈവര്‍ അനില്‍കുമാറിനെ നാല് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്തു.