ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുമാസത്തെ ചികിത്സ കൊണ്ട് ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയില്‍ തിരിച്ചെത്തുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ബന്ധുക്കളെയെല്ലാം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഒപ്പമുള്ളവര്‍ സംസാരിക്കുന്നതെല്ലാം മനസിലാക്കുന്നു. ഭാര്യ ശോഭയും മകള്‍ പാര്‍വതിയും അദ്ദേഹത്തിന്‍റെ കൊച്ചുമക്കളുടെ കാര്യങ്ങള്‍ പറയുമ്പോള്‍ ജഗതി പുഞ്ചിരിക്കും.
വെല്ലൂര്‍ ആശുപത്രിയിലെ എ ഐ സി യു വിഭാഗത്തിലാണ് ജഗതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസം അദ്ദേഹത്തിന്‍റെ ശാരീരികാവസ്ഥകള്‍, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിരീക്ഷണത്തിന് വിധേയമാക്കും. നാഡീസംബന്ധിയായ ചികിത്സയായിരിക്കും പ്രധാനമായും നടത്തുക.
ഭാര്യ ശോഭ, മകള്‍ പാര്‍വതി, മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരാണ് ഇപ്പോള്‍ ജഗതിക്കൊപ്പം ആശുപത്രിയിലുള്ളത്. ദ്രവരൂപത്തിലുള്ള ഭക്ഷണം കണ്ഠനാളം തുളച്ചിട്ട കുഴലിലൂടെ അദ്ദേഹത്തിന് നല്‍കുന്നുണ്ട്. ശരീരം ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ജഗതി പൂര്‍ണമായും അപകടനില തരണം ചെയ്തു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് പുലര്‍ച്ചെയാണ് കോഴിക്കോട് പാണമ്പ്രയില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിസൈവഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്.