ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; താനും ദിലീപും നിരപരാധികളാണെന്ന് നാദിര്‍ഷാ, തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ്

നിരപരാധികളാണെന്ന് പൊലീസിനു ബോധ്യമുണ്ട്: നാദിര്‍ഷാ

aparna| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (15:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പൊലീസ് ചോദ്യം ചെയ്തു. താനും ദിലീപും കേസില്‍ നിരപരാധികളാണെന്ന് നാദിര്‍ഷാ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ല. പള്‍സര്‍ സുനിയുമായി പരിചയമില്ല. അറസ്റ്റ് ചെയ്യാത്തതും പ്രതിചേര്‍ക്കാത്തതും താന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യമുള്ളതിനാലാണെന്നും നാദിര്‍ഷാ പ്രതികരിച്ചു. അതേസമയം തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ് വ്യക്തമാക്കി.

ആലുവ പൊലീസ് ക്ലബിൽ രാവിലെ 10.15ന് എത്തിയ നാദിർഷായെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നിൽ ഹാജരായെങ്കിലും ആരോഗ്യനില മോശമായതിനാല്‍ ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല. അതിനുശേഷമാണ് നാദിര്‍ഷാ ചോദ്യം ചെയ്യാന്‍ ഇന്നു അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്.

കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ മൂന്ന് മണിയോടെയാണ് പൂര്‍ത്തിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :