ചോദ്യം ചെയ്യല്‍ എട്ടാം മണിക്കൂറിലേക്ക്; മൊഴി എടുക്കുന്നത് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

bhavana, actress, attack, conspiracy, dileep, megastar, director, pulsar suni, jail, manju warrier, pinarayi vijayan, BA Aloor, ഭാവന, ദിലീപ്, ആക്രമണം, നടി, ഗൂഢാലോചന, പള്‍സര്‍ സുനി, ബി എ ആളൂര്‍
ആലുവ| സജിത്ത്| Last Modified ബുധന്‍, 28 ജൂണ്‍ 2017 (20:33 IST)
കൊച്ചിയില്‍ പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നത് പുരോഗമിക്കുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമത്തക്കുറിച്ച് ദിലീപിന് നേരത്തെ അറിയാമായിരുന്നു എന്ന് മുഖ്യപ്രതിയായ സുനില്‍ കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ബ്ലാക്ക് മെയിലിന് ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍, സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നതെന്നായിരുന്നു ദിലീപ് പറഞ്ഞത്. കൂടാതെ മാധ്യമ വിചാരണയ്ക്ക് തനിക്ക് നേരമില്ലെന്നും പറയാനുള്ളതെല്ലാം പൊലീസിനോടും കോടതിയോടും പറഞ്ഞുകൊള്ളാമെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ബ്ലാക്ക്മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഏഴ് മണിക്കൂറോളമായി ദിലീപിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ട്. സംവിധായകനും നടനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനോട് ദിലീപും നാദിര്‍ഷയും പൂര്‍ണമായി സഹകിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടപത്തിയിട്ടില്ലെന്നും ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ലെന്നും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കരുത്. നടിയെ ആക്രമിച്ച സംഭവം അമ്മയുടെ യോഗത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :