രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി. മണിയുടെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ എത്താനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മണിക്കെതിരേ കേസെടുത്ത നടപടിയില്‍ അപാകതയില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മണി ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി കോടതിയുടെ തീരുമാനത്തിന് അന്വേഷണ സംഘം കാത്തിരിക്കുകയായിരുന്നു.
മണിയുടെ പ്രസ്താവന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിയോഗികളെ വകവരുത്തുമെന്ന പ്രസംഗം ജനാധിപത്യധ്വംസനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഒരു രാഷ്‌ട്രീയക്കാരനും നിയമത്തിന് അതീതനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.