ചോക്ലേറ്റ് മോഷണം ആരോപിച്ച് യുവതിയെ അപമാനിച്ചു

കോഴിക്കോട്| WEBDUNIA|
PRO
PRO
ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കോഴിക്കോട് കടയുടമ യുവതിയുടെ ദേഹപരിശോധന നടത്തി. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ കണ്‍ട്രോള്‍ റൂം എസ് ഐയ്ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.

പൊറ്റമ്മല്‍ ജങ്ഷനിലെ അനോന ബേയ്ക്‌സിലാണ് സംഭവങ്ങള്‍ തുടങ്ങിയത്. കോവൂര്‍ സ്വദേശിനിയും രണ്ടു മക്കളും ഇവിടെ ഐസ്‌ക്രീം വാങ്ങാന്‍ എത്തിയതായിരുന്നു. എന്നാല്‍ ബില്‍ കൊടുത്ത് തിരിച്ചിറങ്ങവെ കടയിലെ ജീവനക്കാര്‍ ഇവരെ തടഞ്ഞുവച്ചു. കുട്ടികളുടെ കൈയിലുള്ള ചോക്ലേറ്റ് കടയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. അവ മറ്റൊരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് യുവതി പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതിനിടെ കടയുടമ യുവതിയെ മര്‍ദ്ദിച്ചു. ഇവരെ കടയുടെ മുകളില്‍ എത്തിച്ച് ദേഹപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും വൈകിട്ട് ബേക്കറിയില്‍ എത്തി. ചോക്ലേറ്റ് മോഷ്ടിക്കുന്നത് കടയിലെ ക്ലോസ്‌സ്‌സര്‍ക്യൂട്ട് ടി വിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാര്‍ വാദിച്ചെങ്കിലും അത് കാണിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനിടെ കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. കടയ്ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞതോടെ മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തെത്തി. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിച്ചു.

മര്‍ദ്ദനമേറ്റ യുവതിയും സംഘര്‍ഷത്തില്‍ പരുക്കേറ്റവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :