തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനു തൊട്ടുമുമ്പ് യുഡിഎഫ് പ്രചാരണ വേദിയിലേക്ക് ചീമുട്ടയേറും കല്ലേറും. ഞായറാഴ്ച വൈകിട്ട് സിന്ധു ജോയി പ്രസംഗിക്കുമ്പോള്‍ വെഞ്ഞാറന്‍മൂട് ജംഗ്ക്ഷനിലാണ് സംഭവം നടന്നത്. വേദിയിലേക്ക് ചീമുട്ടകളും കല്ലുകളും പാഞ്ഞുവരുന്നത് കണ്ടയുടന്‍ സിന്ധു ജോയി ബോധരഹിതയായി വീണു. ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി മോഹനചന്ദ്രന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്ധു ജോയി. മറുവശത്ത് സിപിഎമ്മിന്റെ പ്രചാരണ വാഹനത്തിലും പ്രസംഗം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ, സിപിഎം സ്ഥാനാര്‍ത്ഥി കോലിയക്കോട് കൃഷ്ണന്‍ നായരുടെ സ്വീകരണം നടക്കുമ്പോള്‍ യുഡിഎഫ് പ്രസംഗം നിര്‍ത്തിവച്ചു.
സ്വീകരണ പരിപാടി അവസാനിച്ചപ്പോള്‍ യുഡിഎഫ് വേദിയില്‍ വീണ്ടും പ്രസംഗം ആരംഭിച്ചു. ഈ സമയത്താണ് സിന്ധു ജോയിയെ ലക്‍ഷ്യമിട്ട് മുട്ടയേറും കല്ലേറും നടന്നത്. ഇരു പാര്‍ട്ടികളുടെയും യോഗം ഒരേ സ്ഥലത്ത് നടക്കുമ്പോള്‍ ഒരു എസ്‌ഐ ഉള്‍പ്പെടെ വെറും നാല് പൊലീസുകാര്‍ മാത്രമാണ് ക്രമസമാധാനപാലനത്തിനായി സ്ഥലത്തുണ്ടായിരുന്നത്.
ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധവും നടന്നു. മൂന്ന് മണിക്കൂറോളം യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
പരാജയ ഭീതിമൂലമാണ് സിപിഎം സിന്ധു ജോയിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാല്‍, പരുക്കു പറ്റാതെ സിന്ധു ജോയി മെഡിക്കല്‍ കോളജില്‍ കിടക്കുന്നത് അപഹാസ്യമാണെന്ന് ചൂണ്ടിക്കാണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആക്രമണം ആസൂത്രിതമാണെന്ന സംശയം ഉന്നയിച്ചു.