ചില്ലറ വ്യാപാരം: കേരളം അനുകൂലമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന്‌ അനുകൂലമാണെന്ന്‌ കേരളം അടക്കമുള്ള കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനങ്ങള്‍ അറിയിച്ചെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ പറഞ്ഞു. ആന്ധ്രാപ്രദേശ്‌, അസം, ബിഹാര്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ്‌ കേരളത്തെ കൂടാതെ അനുകൂല നിലപാട്‌ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ ആവശ്യത്തിന് പിന്തുണ ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‌ ഉടന്‍ കത്തയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒറീസ, ഉത്തര്‍ പ്രദേശ്‌,പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു നേരത്തേ കത്തയച്ചുവെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു.

അതേസമയം, വിദേശ നിക്ഷേപത്തിന്‌ കേരളം സമ്മതമറിയിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍ ഇതിനോട് പ്രതികരിച്ചു‍. ഇതുസംബന്ധിച്ച്‌ യാഥാര്‍ഥ്യമെന്താണെന്ന്‌ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ പറഞ്ഞു.

ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപത്തെ എതിര്‍ക്കുന്നതായി നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയും വ്യക്തമായിരുന്നു.കേരളത്തിനുള്ള എതിര്‍പ്പ്‌ കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :