ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ ജഗദീഷ്

തിരുവനന്തപുരം| WEBDUNIA|
PRO
തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കിലും മറ്റ് ചില വാഗ്ദാനങ്ങള്‍ നടന്‍ ജഗദീഷിന് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളതായി സൂചന. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ജഗദീഷിനെ നിയമിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ജഗദീഷിന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നറിയുന്നു.

ജഗദീഷിന് ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം ജഗദീഷ് തുറന്നുപറയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ജഗദീഷിന്‍റെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസിലെ വമ്പന്‍‌മാരെ മറികടന്ന് സീറ്റ് ജഗദീഷിന് നല്‍‌കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സീറ്റ് കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങുമെന്നായിരുന്നു ജഗദീഷിന്‍റെ അടുത്ത തീരുമാനം. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ സന്തോഷിപ്പിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന ഒന്നാമത്തെ പേര് ജഗദീഷിന്‍റേതാണെന്നാണ് സൂചന.

നടന്‍ മുകേഷിനെ എല്‍ ഡി എഫ് സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനാക്കിയതുപോലെ ജനകീയമായ ഒരു നടപടിയായിരിക്കും ജഗദീഷിനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു കൊണ്ടുവരുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇനി അഥവാ അധികാരം ലഭിച്ചില്ലെങ്കില്‍ അടുത്തുവരുന്ന മറ്റ് തെരഞ്ഞെടുപ്പുകളില്‍ ജഗദീഷ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :