ചന്ദ്രബോസ് കൊലക്കേസ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കില്ല

തൃശൂര്‍| JOYS JOY| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (08:59 IST)
ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കില്ല. നേരത്തെ, തിങ്കളാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ സി പി ഉദയഭാനു അറിയിച്ചു.

കേസില്‍ നൂറിലധികം സാക്ഷികളാണ് ഉള്ളത്. അന്വേഷണസംഘവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
കുറ്റപത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ ജോലികളെല്ലാം പൂര്‍ത്തിയായി.

ഫോറന്‍സിക് തെളിവുകള്‍ സംബന്ധിച്ച ഒരു സര്‍ട്ടിഫിക്കറ്റു കൂടി ലഭിക്കാനുള്ളതാണ് കുറ്റപത്രസമര്‍പ്പണം വൈകാന്‍ കാരണം. ഫോറന്‍സിക് ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തു നിന്നും ലഭിക്കേണ്ടതാണ്. സംഭവത്തെക്കുറിച്ച് നേരിട്ടു വിവരങ്ങള്‍ നല്കാന്‍ സാധിക്കുന്ന 12 പേര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കേസില്‍ സാക്ഷികളായുള്ളത്.

സാക്ഷികളില്‍ നിസാമിന്റെ ഭാര്യ അമലും ഉള്‍പ്പെടും. ഏതെങ്കിലും സാഹചര്യത്തില്‍ അമല്‍ കൂറുമാറിയാല്‍ പ്രതിക്ക് ലഭിക്കുന്നതിന് സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി അത് മാറും. കുറ്റപത്രം അഡ്വ. ഉദയഭാനു പരിശോധിച്ചു. ലഭിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകൂടി ഉള്‍പ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ ഇത് കോടതിയില്‍ സമര്‍പ്പിക്കും. പൊലീസ് ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനി, അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍ ജയചന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :