ഘടകകക്ഷികളുടെ പ്രശ്നം പരിഹരിക്കും: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ തന്നെ തുടര്‍ന്നും മത്സരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സീറ്റ് സംബന്ധിച്ച് ജെ എസ് എസിന്‍റെയും മുസ്ലീം ലീഗിന്‍റെയും പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു സീറ്റുകള്‍ വേണമെന്ന മുസ്‌ലിം ലീഗിന്‍റെ ആവശ്യമാണ് കോണ്‍ഗ്രസിനെ പ്രധാനമായും ആശങ്കയിലാക്കുന്നത്. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ വയനാട്‌ കൂടി വേണമെന്നാണ് മുസ്ലിം ലീഗിന്‍റെ ആവശ്യം.

ഇതിനു പുറമെ ആലപ്പുഴ സീറ്റിനായി ജെഎസ്‌എസും വടകര സീറ്റിനായി സിഎംപിയും അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ നിലവിലുള്ള സീറ്റു നില തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റിലും മുസ്‌ലിം ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിച്ചത്.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് അനുവദിച്ച മൂവാറ്റുപുഴ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായതിനാല്‍ കോട്ടയം സീറ്റ് മാണി വിഭാഗത്തിനു നല്‍കും.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിലപാട് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിയെ വെള്ള പൂശാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :