ഗോള്‍ഫ് ക്ലബ്: ഹര്‍ജി സ്വീകരിച്ചു

തിരുവനന്തപുരം| WEBDUNIA|
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ക്ലബ് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌ കോടതി ഫയലില്‍ സ്വീകരിച്ചു. ഗോള്‍ഫ് ക്ലബ് ഒഴിപ്പിക്കല്‍ നടപടികള്‍ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 21 വരെ ക്ലബിന്‍റെ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ഇപ്പോള്‍ നിലവിലുണ്ട്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കേസിന്‍റെ തുടര്‍ നടപടികള്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്‌ കോടതിയിലായിരിക്കും നടക്കുക. ക്ലബ്‌ ഒഴിപ്പിക്കുന്നതിന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയിരിക്കുന്ന നോട്ടീസ്‌ സ്റ്റേചെയ്യണം എന്നാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

നേരത്തെ ജില്ലാകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ക്ലബ്‌ ഭാരവാഹികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. സബ്‌ കോടതിക്ക്‌ ഹര്‍ജി സ്വീകരിക്കുന്നകാര്യം പരിഗണിക്കാമെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :