കേരളാ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന രശ്മി ആര്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൈഡായ ഡോ എസ് രാധാകൃഷ്ണനെതിരെ നടപടി. രാധാകൃഷ്ണനെ ഗൈഡ്ഷിപ്പില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി.
ഉപസമിതിയുടെ പ്രാഥമിക അന്വേഷണത്തില്‍ ഗൈഡിന്റെ മാനസിക പീഡനം മരണത്തിന് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. കേരളാ യൂണിവേഴ്സിറ്റിയിലെ അക്വാറ്റിക് ബയോളജി വിഭാഗം വിദ്യാര്‍ഥിനിയായിരുന്നു രശ്മി.
ഡിസംബര്‍ 30-നാണ് രശ്മി ആത്മഹത്യ ചെയ്തത്. ഗവേഷണത്തിനുപയോഗിച്ചിരുന്ന ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ഉള്ളില്‍ ചെന്നായിരുന്നു മരണം. സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനായുള്ള വര്‍ക്ക് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു നല്‍കാന്‍ ഗൈഡ് വിസമ്മതിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍, ആത്മഹത്യക്ക് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തി ഗൈഡ് കുറ്റക്കാരനാണോയെന്ന് കണ്ടെത്തിയതിന് ശേഷം നടപടികള്‍ കൈക്കൊള്ളുന്നതാണ് നല്ലതെന്നും വകുപ്പുമേധാവി അറിയിച്ചു.