ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് അന്തരിച്ചു

ചെന്നൈ| WEBDUNIA|
PRO
PRO
കേരളാ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.10 നായിരുന്നു അന്ത്യം. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ കുറച്ച് നാളുകളിലായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിനാണ് കേരളാ ഗവര്‍ണാറായി എം ഒ എച്ച് ഫാറൂഖ് ചുമതലയേറ്റത്.

ഗവര്‍ണറായി ചുമതലയേറ്റ് ഏറെ താമസിയാതെ തന്നെ അദ്ദേഹം അസുഖം ബാധിച്ച് ചെന്നൈയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.

1937 സെപ്തംബര്‍ ആറിന്‌ ജനിച്ച ഫറൂഖ്‌ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
1953-54കാലത്ത്, ഫ്രഞ്ച്‌ കോളനിയായിരുന്ന പോണ്ടിച്ചേരിയെ സ്വതന്ത്രമാക്കാനുള്ള സമരത്തില്‍ പങ്കെടുത്താണ്‌ അദ്ദേഹം രാഷ്ട്രീയത്തിന്റെ മുന്‍‌നിരയില്‍ എത്തുന്നത്. മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1967ലായിരുന്നു ആദ്യം മുഖ്യമന്ത്രിയായത്. അന്ന് അദ്ദേഹത്തിന് 29 വയസായിരുന്നു. തുടര്‍ന്ന് 1969ലും, 1985ലും മുഖ്യമന്ത്രിയായി. ഇതിനിടയില്‍ 64ല്‍ നിയമസഭാ സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

മൂന്ന് തവണ ലോ‌കസഭാംഗമായിട്ടുള്ള ഫറൂഖ് വ്യോമയാനമന്ത്രാലയത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രിയായും സേവനമനുഷ്ടിച്ചിരുന്നു. 2004-ല്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായ അദ്ദേഹം 2010ല്‍ ഛാര്‍ഖണ്ഡ്‌ ഗവര്‍ണറായി. തുടര്‍ന്നാണ് കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റത്.

ഗവര്‍ണറുടെ മരണത്തെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി . മുഖ്യമന്ത്രിയുടെ ശനിയാഴ്ചത്തെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയാണ്. കേരളത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :