ഗണേഷിന്റെ കുടുംബം ബഷീര്‍ കലക്കുമോ?

കൊച്ചി| WEBDUNIA|
തീയേറ്റര്‍ ഉടമകള്‍ നടത്തുന്ന സമരം മന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടതോടെ പുതിയ വിവാദങ്ങളിലേക്ക് നീങ്ങുന്നു. തീയേറ്റര്‍ ഉടമാ സംഘത്തിലെ ചിലര്‍ ശിഖണ്ഡി കളിക്കുകയാണെന്ന് ഗണേഷ് കുമാര്‍ ആഞ്ഞടിച്ചപ്പോള്‍ താന്‍ പലതും തുറന്നുപറഞ്ഞാല്‍ കേരളത്തിലും ചെന്നൈയിലും പല വിവാഹമോചനങ്ങളും നടക്കുമെന്നുമാണ് ബഷീര്‍ തിരിച്ചടിച്ചത്. ഗണേഷ് കുമാറിന് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്നും അത് താന്‍ വെളിപ്പെടുത്തും എന്നുമാണ്‌ ലിബര്‍ട്ടി ബഷീര്‍ സൂചിപ്പിച്ചതെന്ന് പരക്കെ അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.

“തീയറ്റര്‍ ഓണേഴ്സ് അസോസിയേഷനിലെ ചില നേതാക്കള്‍ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയായിരുന്നു. ഇതില്‍ തൃശൂര്‍ക്കാരുമുണ്ട്‌. സ്‌ഥിരമായി ചാനലില്‍ കാണുന്നയാള്‍ പറയുന്നതൊന്നും തിരിയുന്നില്ല. 'മന്തി, മന്തി' എന്നു മാത്രം കേള്‍ക്കാം. മന്ത്രിയേയാണ് ചീത്ത വിളിക്കുന്നതെന്ന്‌ ഇതില്‍നിന്നു മനസിലാക്കാം. താന്‍ ജീവിച്ചിരിക്കുമ്പോള്‍ വിഹിതം പിരിച്ചുനല്‍കാന്‍ സമ്മതിക്കില്ലെന്നാണു പ്രഖ്യാപനം. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പുള്ളി മരിക്കുകയല്ലാതെ നിവൃത്തിയില്ല” - എന്നാണ് ഗണേഷ് പറഞ്ഞത്.

“ഗണേഷ് കുമാര്‍ എന്നെയും ഫെഡറേഷനേയും പ്രകോപിപ്പിക്കാതെ കഴിച്ചുകൂട്ടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഞാന്‍ പലതും തുറന്ന് പറയും. ഞാന്‍ പലതും തുറന്നുപറഞ്ഞാല്‍ കേരളത്തിലും ചെന്നൈയിലും പല വിവാഹമോചനങ്ങളും നടക്കും‌. തല്‍ക്കാലം ഞാനതിന് മുതിരുന്നില്ല. എണ്‍പത്തിയേഴ് വയസുള്ള വിഎസ്‌ അച്യുതാനന്ദനെ അപമാനിച്ച ഗണേഷ്‌കുമാര്‍ ഫെഡറേഷനെതിരേ നടത്തിയ പ്രസ്‌താവനകള്‍ മറുപടി അര്‍ഹിക്കുന്നവയല്ല” - എന്നായിരുന്നു ബഷീറിന്റെ തിരിച്ചടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :