ഗണേശ് രാഷ്ട്രീയത്തിലെ സന്തോഷ് പണ്ഡിറ്റ്: ബാലകൃഷ്ണപിള്ള
കൊച്ചി|
WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസ് (ബി) നേതൃയോഗം പൂര്‍ത്തിയായ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ ബാലകൃഷ്ണപ്പിള്ള കെ ബി ഗണേശ്കുമാറിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഗണേശ് രാഷ്ട്രീയത്തിലെ സന്തോഷ് പണ്ഡിറ്റ് ആണെന്ന് പിള്ള പറഞ്ഞു. നാക്കെടുത്താല്‍ ഗണേശ് കള്ളമേ പറയൂ എന്നും പിള്ള ആരോപിച്ചു.
യോഗം നടക്കുന്ന കാര്യം ഗണേശിനെ രണ്ട് തവണ അറിയിച്ചിരുന്നു എന്നും പിള്ള പറഞ്ഞു. രാവിലെ ആരംഭിച്ച നേതൃയോഗത്തിലും പിള്ള ഉള്‍പ്പെടെ ഉള്ളവര്‍ ഗണേശിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. നാല് കൊല്ലമായി ഗണേശ് യോഗത്തില്‍ പങ്കെടുക്കാറില്ല. ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും തന്നെ കാണാന്‍ വന്നില്ലെന്ന് പിള്ള പറഞ്ഞു. സിനിമാ മന്ത്രിയായിട്ടും ഫിലിം ഫെസ്റ്റിവലിന്റെ ഒരു പാസ് പോലും തന്നില്ല. കരഞ്ഞ് കാല് പിടിച്ച് വന്നപ്പോള്‍ താനാണ് വനം വകുപ്പ് ശരിയാക്കിക്കൊടുത്തത്. പാര്‍ട്ടി ഇരുത്തി വിമര്‍ശിച്ചാല്‍ വി എസ് അച്യുതാനന്ദന്‍ പോലും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകില്ലെന്ന് പിള്ള അഭിപ്രായപ്പെട്ടു.
ചില ചാനലുകള്‍ ഗണേശിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളുണ്ടായി. ഗണേശിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. പിള്ളയുടെ മകനായതുകൊണ്ടാണ് ഇത്രയും നാള്‍ അനുഭാവം കാണിച്ചതെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ പറഞ്ഞു.
താക്കീത് നല്‍കിയിട്ടും അനുസരിക്കാത്ത ഗണേശിനെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംവിധായകന്‍ പ്രിയദര്‍ശനെ ചലചിത്ര അക്കാദമി ചെയര്‍മാനായി ഗണേശ് കൊണ്ടുവന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണ്. ഗണേശിനെക്കൊണ്ട് ഗുണം സിനിമാക്കാര്‍ക്ക് മാത്രമാണെന്ന് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മറ്റി ആരോപിച്ചു.
ഗണേശ് പാര്‍ട്ടിയില്‍ ഉള്ളവരെ അധിക്ഷേപിക്കാറുണ്ടെന്നും ചില നേതാക്കള്‍ ആരോപിച്ചു.