2010ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഖദീജ മുംതാസിന്‍റെ ബര്‍സയാണു മികച്ച നോവല്‍. മുല്ലനേഴിയുടെ കവിത മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് നേടി. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പി വല്‍സലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
ഇ പി ശ്രീകുമാറിന്‍റെ പരസ്യശരീരം മികച്ച ചെറുകഥ. എ ശാന്തകുമാറിന്‍റെ മരം പെയ്യുന്നു മികച്ച നാടകം. സുമംഗലയുടെ നടന്നു തീരാത്ത വഴികളാണു മികച്ച ബാലസാഹിത്യ കൃതി. ജീവചരിത്രം, ആത്മ കഥ വിഭാഗത്തില്‍ ഡോ പി ആര്‍ വാര്യരുടെ അനുഭവങ്ങള്‍ അനുഭാവങ്ങള്‍ എന്ന കൃതി അര്‍ഹമായി. സി ആര്‍ ഓമനക്കുട്ടന്‍റെ ശ്രീഭൂത വിലാസം നായര്‍ ഹോട്ടല്‍ മികച്ച ഹാസ്യ സാഹിത്യം.
മികച്ച സാഹിത്യ വിമര്‍ശനം എം ആര്‍ ചന്ദ്രശേഖരന്റെ മലയാള നോവല്‍ ഇന്നും ഇന്നലെയും. മികച്ച വൈജ്ഞാനിക വിമര്‍ശനം പ്രൊഫസര്‍ ടി പ്രദീപിന്റെ കുഞ്ഞു കണങ്ങള്‍ക്കു വസന്തം. മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയാണ് മികച്ച യാത്രാ വിവരണം. മികച്ച വിവര്‍ത്തനം ആശാലതയുടെ ആടിന്‍റെ വിരുന്ന്.
പ്രൊഫസര്‍ കെ സച്ചിദാനന്ദനും സി രാധാകൃഷ്ണനും വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഓംചേരി എന്‍ എന്‍ പിള്ള, എസ് രമേശന്‍ നായര്‍, പ്രൊഫസര്‍ കെ ഗോപാലകൃഷ്ണന്‍, മലയത്ത് അപ്പുണ്ണി, സാറ തോമസ്, ജോസഫ് മറ്റം എന്നിവര്‍ക്ക്. 25,000 രൂപയും സാക്ഷ്യ പത്രവുമാണ് അവാര്‍ഡ്.
പി ശ്രീകുമാര്‍, ഹമീദ് ചേന്ദമംഗലൂര്‍, ഡോ പി വി രാമന്‍കുട്ടി, സൂര്യ ബിനോയ്, സുസ്മേഷ് ചന്ദ്രോത്ത്, കെ ബാബു ജോസഫ്, ഡോ എന്‍ എം നമ്പൂതിരി എന്നിവര്‍ക്ക് എന്‍ഡൊവ്മെന്‍റ് അവാര്‍ഡുകള്‍ നല്‍കും.