കോഴിക്കോടിന് കലാകിരീടം

കോഴിക്കോട്| WEBDUNIA|
PRO
മൈതാനം മനുഷ്യക്കടലായി മാറിയിരുന്നു. കോഴിക്കോടിന്‍റെ കുട്ടികള്‍ ജില്ലയുടെ അഭിമാനം കാത്തുസൂക്ഷിച്ചതിന്‍റെ അന്തിമനിമിഷങ്ങള്‍ കാണാന്‍. കേരളത്തിന്‍റെ അമ്പതാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസില്‍ നിന്ന് കോഴിക്കോട് ജില്ലയുടെ അഭിമാനകൌമാരം 117 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി.

കോഴിക്കോട് - 790, കണ്ണൂര്‍ - 723, തൃശ്ശൂര്‍ - 720, പാലക്കാട്‌ - 711, എറണാകുളം - 687 എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനക്കാരായ ജില്ലകളുടെ പോയിന്‍റ്‌ നില.

തന്‍റെ പ്രസംഗത്തിനിടെ ശ്രീനാരായണഗുരുവിന്‍റെ ‘ജാതിഭേദം മതദ്വേഷം..” എന്ന ശ്ലോകം യേശുദാസ് ആലപിച്ചു. “കലോത്സവത്തില്‍ എന്നെ വിളിക്കുമ്പോള്‍ എന്നും ഞാന്‍ പാടിയിട്ടുള്ളത് ഈ ശ്ലോകമാണ്. ഇനി എന്നു വിളിച്ചാലും ഞാന്‍ ഇതു മാത്രമേ പാടുകയുമുള്ളൂ” - യേശുദാസ് പറഞ്ഞു.

നേരത്തേ കോഴിക്കോട് ജില്ല 10 തവണയാണ് കലാകിരീടം നേടിയത്. ഇത് തുടര്‍ച്ചയായ നാലാം കിരീടമാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് കലോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസമന്ത്രി എം എ ബേബി അധ്യക്ഷത വഹിച്ചു.

കലോത്സവത്തിന്‍റെ നടത്തിപ്പില്‍ ഇത്തവണയും ചില പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും അടുത്ത തവണ ജില്ലാ തലത്തില്‍ മുതല്‍ പരാതികള്‍ പരിഹരിച്ചുള്ള സംഘാടനം സാധ്യമാക്കുമെന്നും എം എ ബേബി പറഞ്ഞു. വ്യവസായ മന്ത്രി എളമരം കരീം കലോത്സവത്തിന്‍റെ സുവനീര്‍ പ്രകാശനം ചെയ്തു. സമ്മേളനത്തിനൊടുവില്‍ കോഴിക്കോട് എം പിയായ എം കെ രാഘവനും യേശുദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് “ഓര്‍മ്മകളേ കൈവള ചാര്‍ത്തി...” എന്ന ഗാനം ആലപിച്ചത് കൌതുകമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :