വിവാദമായ എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സി ബി ഐ പ്രത്യേക കോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. ലാവ് ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോഴപ്പണം വാങ്ങിയെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടിരുന്നത്.
ലാവ് ലിന്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റിന് ജാമ്യമില്ലാ വാറണ്ട് അയയ്ക്കും. ലാവ് ലിന്‍ കമ്പനിക്ക് വീണ്ടും സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ ലാവ് ലിന്‍ കമ്പനിക്ക് ഇന്ത്യയില്‍ എവിടെയെങ്കിലും ശാഖകളുണ്ടോ എന്ന് അന്വേഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സി ബി ഐയ്ക്കാണ് കോടതി ഈ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. കേസ് ജൂലൈ 31ന് സി ബി ഐ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് സി ബി ഐ, പ്രത്യേക കോടതിയില്‍ വിശദീകരണം നല്കിയിരുന്നു. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരന് ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സി ബി ഐ വിശദീകരണം നല്കിയിരുന്നു.
എന്നാല്‍ കേസില്‍ ആരെയെങ്കിലും കുറ്റവിമുക്‌തനാക്കിയിട്ടില്ലെന്നും കോഴപ്പണം വാങ്ങിയത് സംബന്ധിച്ച് തെളിവ് ലഭിച്ചാല്‍ അന്വേഷിക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ പിണറായി വിജയന്‍ കോടികള്‍ കോഴപ്പണമായി കൈപ്പറ്റിയതിനു താന്‍ ദൃക്‌സാക്ഷിയാണെന്ന വാദവുമായി തിരുവനന്തപുരം സ്വദേശി ദീപക് കപൂര്‍ സി ബി ഐക്കു മൊഴി നല്കിയിരുന്നു. സി ബി ഐയുടെ ചെന്നൈയിലുള്ള ഓഫീസിലെത്തി 60 പേജുള്ള വിശദീകരണമായിരുന്നു ദീപക് കുമാര്‍ നല്കിയത്.