നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഉന്നതര്‍ക്ക് കാഴ്ചവച്ച കോതമംഗലം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു എന്ന് റൌഫ്. കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരായി ഒരു സ്‌ത്രീ പരാതി നല്‍കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അവര്‍ക്ക് പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും റൌഫ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോട്ട ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ വഴിയാണ് ഇടപാട് ഉറപ്പിച്ചതെന്നും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മാധ്യമസമ്മേളനത്തില്‍ റൌഫ് വെളിപ്പെടുത്തി.
“കുപ്രസിദ്ധമായ കോതമംഗലം പെണ്‍വാണിഭക്കേസിലും നമ്മുടെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു. എന്റെ പക്കല്‍ അതിനുള്ള തെളിവുണ്ട്. കോതമംഗലം പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരായി ഒരു സ്‌ത്രീ പരാതി നല്‍കിയിരുന്നു എന്ന് എത്രപേര്‍ക്കറിയാം? കുഞ്ഞാലിക്കുട്ടി അവര്‍ക്ക് പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. 15 ലക്ഷം രൂപ കൊടുത്താണ് കേസ് ഒതുക്കി തീര്‍ത്തത്. ചേളാരിയിലുള്ള കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത് ഷെരീഫ് മുഖേനയാണ് ആ സ്‌ത്രീയ്ക്ക് പണം നല്‍കിയത്. ”
"പോട്ട ധ്യാനകേന്ദ്രത്തിലെ സന്ദര്‍ശകയായിരുന്നു സ്ത്രീ. ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ വഴി സ്ത്രീയെ സ്വാധീനിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. അച്ഛനെ കാണാന്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഞാനും പോയിരുന്നു. തന്നെ മുറിക്ക് പുറത്തുനിര്‍ത്തി കുഞ്ഞാലിക്കുട്ടി പതിനഞ്ച് മിനിറ്റോളം അച്ചനോട് സംസാരിച്ചു. തുടര്‍ന്ന് ഒരു പൊതി പനയ്ക്കലച്ചന് നല്‍കി. അതില്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരനായ ഒരു കേന്ദ്രമന്ത്രിയും കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടിരുന്നു."
“തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തു എന്നത് സത്യമാണ്. തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് ഇത് അറിയുകയും ചെയ്യാം. ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം തെളിവുസഹിതം വ്യക്തമാക്കാന്‍ ശ്രമിക്കും. ഇത് നടന്നില്ലെങ്കില്‍ സാമുദായിക സംഘടനകളെ ഇക്കാര്യം ബോധിപ്പിക്കും. ഇതൊന്നും നടന്നില്ലെങ്കില്‍ ഞാനൊരു മാധ്യമസമ്മേളനം വിളിക്കും. അവിടെ വച്ച് എല്ലാ തെളിവും ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ നിരത്തും. പാണക്കാട് തങ്ങള്‍മാരെ ഇനി ആരും അമ്മാനമാടരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.”
“ഐസ്ക്രീം കേസിലെ സാക്ഷികളായ റെജീനയുടെയും റെജൂലയുടെയും മൊഴിയുണ്ടാക്കിയത് ഞാനാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ആരോപിക്കുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. റെജീനയും റെജുലയുമൊക്കെ പോലീസില്‍ നേരിട്ട് കൊടുത്ത മൊഴി ഞാനെങ്ങിനെ ഉണ്ടാക്കിയെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്? കുഞ്ഞാലിക്കുട്ടിക്കെതിരേ ഒരു മൊഴിയും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്കതിന്റെ ഗതികേടുമില്ല. സത്യത്തില്‍, ഈ മൊഴിയെടുക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്നില്ല” - റൌഫ് പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയടക്കം പല പ്രമുഖരും പ്രതികളായ കോതമംഗലം പെണ്‍വാണിഭക്കേസ് ഉണ്ടായത് 1997 ഒക്‌ടോബറിലാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത് ഉന്നതന്മാര്‍ക്ക് കാഴ്ചവച്ചു എന്നായിരുന്നു കേസ്.
ആ വര്‍ഷം ഒക്‌ടോബര്‍ ഒമ്പതിന് പെണ്‍കുട്ടി മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയ മൊഴിയില്‍ മന്ത്രിമാരടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേസ് അന്തിമ വിചാരണയ്ക്കെത്തിയപ്പോള്‍, പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയിലെത്തി തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കുകയായിരുന്നു. ഈ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കും അറിഞ്ഞുകൂട.